Monday, 21 December 2015

EXCELSIS 2015

മാനവ സമൂഹത്തെ വീണ്ടെടുക്കാൻ ഭൂമിയിൽ മനുഷ്യാവതാരം ചെയ്ത ദിവ്യരക്ഷകന്റെ പിറവിത്തിരുനാൾ പയ്യാവൂർ ടൌണ്‍ കെ. സി. വൈ. എൽ. യൂനിറ്റ് ഈ വർഷം തികച്ചും വ്യത്യസ്തമായാണ് ആഘോഷിച്ചത്. കാരുണ്യ വർഷത്തിൽ ദൈവസ്നേഹം ഉപാധികളില്ലാതെ സ്വന്തം പ്രവൃത്തിയിലൂടെ മറ്റുള്ളവർക്ക് പകർന്നു നൽകുന്ന ടൌണ്‍ ഇടവകാംഗം ശ്രീ. സജി തുരുത്തിയിൽ നടത്തുന്ന തെരേസ ഭവനിലെ മക്കളോടു ചേർന്ന് ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷിക്കാനുള്ള തീരുമാനം ഹൃദയപൂർവമാണ് അംഗങ്ങൾ ഏറ്റെടുത്തത്. രാവിലെ 25 ഓളം വരുന്ന സുഹൃത്തുക്കൾ എത്തിച്ചേർന്ന് പുതുതായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ തങ്ങളാൽ ആവും വിധം ജോലികൾ ചെയ്തു. തുടർന്ന് അവിടത്തെ സഹോദരങ്ങളെ പരിചയപ്പെടുകയും അവരുമായി ആശയ വിനിമയം നടത്തുകയും ചെയ്തു. കരോൾ ഗാനങ്ങൾ പാടി പിറവിയുടെ സന്തോഷം അവരുമായി പങ്കിട്ടു. അവരിലും ഗായകർ ഉണ്ടെന്നു തിരിച്ചറിഞ്ഞു.

പ്രസിഡണ്ട്‌ മിഥുൻ ടോമിയുടെ അധ്യക്ഷതയിൽ ചാപ്ലിൻ ഫാ. ലൂക്ക് കരിമ്പിൽ കേക്ക് മുറിച്ചു ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ബ്ര. സജി തുരുത്തിയിൽ ക്രിസ്തുമസ് സന്ദേശം നൽകി. അസി. വികാരി ഫാ. സജി മേക്കാട്ടെൽ, ഡയറക്ടർ ലിബിൻ കെ. കുര്യൻ, സി. അഡ്വൈസർ സി. ജെസ്സി എൻ. സി. എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി സനൽ ഫിലിപ്പ് സ്വാഗതവും സബിൻ ബാബു നന്ദിയും പറഞ്ഞു. ക്രിസ്തുമസ് സമ്മാനങ്ങൾ ഏവരും പരസ്പരം ആശംസകളോടെ  കൈമാറി. ആഘോഷങ്ങളുടെ ഭാഗമായി നിരവധി ഭക്ഷ്യവസ്തുക്കൾ തെരേസ ഭവന് കൈമാറി. ജീവിത തുരുത്തുകളിൽ തനിച്ചായവരുടെ മുഖത്ത് തിളങ്ങുന്ന പ്രതീക്ഷയുടെ കിരണങ്ങൾ കണ്ടു മനം നിറഞ്ഞ് കാരുണ്യ പ്രവർത്തനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുവാൻ തീരുമാനമെടുത്ത് എല്ലാവരും ഉച്ചയോടെ സ്വഭവനങ്ങളിലേക്ക് മടങ്ങി.   











No comments:

Post a Comment